ജനീവ: റഷ്യയും യുക്രെയ്നും അമേരിക്കയുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ച പ്രതീക്ഷിച്ചതിലും മുന്പേ അവസാനിച്ചു.
ചൊവ്വാഴ്ച ചർച്ച ആറു മണിക്കൂർ നീണ്ടെങ്കിലും ഇന്നലെ രണ്ടു മണിക്കൂറിനുള്ളിൽ പിരിയുകയായിരുന്നു. ചർച്ചയിൽ കാര്യമായ പുരോഗതിയുണ്ടായില്ല. ഇരുവിഭാഗവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ തുടരുന്നുവെന്നാണു പുറത്തുവരുന്ന സൂചന.
തുടർചർച്ചകൾ ഉടൻതന്നെ ഉണ്ടാകുമെന്ന് റഷ്യൻ സംഘത്തെ നയിക്കുന്ന വ്ലാദിമിർ മെഡിൻസ്കി മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ, ഇതിന്റെ തീയതിയും വേദിയും അദ്ദേഹം വ്യക്തമാക്കിയില്ല. വെടിനിർത്തൽ കരാറിന്റെ പ്രായോഗിക വശങ്ങളാണു ചർച്ച ചെയ്തതെന്ന് യുക്രെയ്ൻ സംഘത്തിന്റെ നേതാവ് റസ്കം ഉമാറോവും അറിയിച്ചു.
ഇതിനിടെ, യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ അട്ടിമറിക്കാൻ റഷ്യ ശ്രമിക്കുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ആരോപിച്ചു. റഷ്യ ചർച്ചകൾ വലിച്ചുനീട്ടുകയാണ്. യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ വിട്ടുവീഴ്ച ചെയ്യണമെന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നിലപാട് നീതിയുക്തമല്ലെന്നും സെലൻസ്കി പറഞ്ഞു.